Tuesday, March 3, 2009


' തുമ്പികളുടെ സെമിത്തേരി' സദാസ്പന്ദിതമാണ്. ഹൃദയങ്ങള്‍ കൊണ്ടുള്ള കൂദാശപ്പള്ളിപോലെ ഹൃദയങ്ങള്‍കൊണ്ടുള്ള സെമിത്തേരി . സ്മൃതിലയങ്ങള്‍ കാലഭേദങ്ങളില്‍, ഭേദനങ്ങളില്‍ മിടിച്ചുകൊണ്ടിരിക്കുന്ന ഘടികാരശാല. ഇവിടെ ഒരാളിന്‍റെ അന്തരാമൊഴിയുണ്ട്. അയാള്‍ ഒപ്പം നടക്കുവാനാരുമില്ലാത്തവനാണെങ്കിലും ഓര്‍ക്കാനും മറക്കാനും ഒരുപാടുള്ളവനാണ്. ഒരാളായിമാത്രം ഉള്‍വലിഞ്ഞ്'അന്യന്‍' ആകുന്ന അവന്‍ അല്ല, ഒപ്പം പെങ്ങളും അപ്പനും അവളും അമ്മയും മഞ്ചാടിയും പുളിങ്കുരുവും മീനും അയല്‍ക്കാരനും കടങ്കഥയും കസേരയും കളഞ്ഞുപോയ താക്കോലും അടങ്ങിയ വേണ്ടപ്പെട്ട കുടുംബസ്മൃതിയുണ്ട്. അയ്യപ്പപണിക്കരുടെ കുടുംബപുരാണത്തിലെ പ്രവാഹഗതിയോ ചെണ്ടമേളമോ അഭിജാതപരിവേഷമോ ഇല്ല, ഇടയ്ക്കയുടെ ദിവ്യവാദനത്തിന്‍റെ സ്പന്ദകണങ്ങള്‍ ആണ്. കണങ്ങള്‍ സൂക്ഷ്മമാണ്. പെയ്തൊഴിഞ്ഞ ഭൂമിയുടെ ഉടലിലും അന്ത:കരണത്തിലും അബോധത്തിലും സ്പര്‍ശവും സുഗന്ധവുമാകുന്ന നനവുകള്‍ ആണ്....................
ശ്രീ. ഡി. വിനയചന്ദ്രന്‍റെ അവതാരിക തുടര്‍ന്നുവായിക്കുക

Monday, March 2, 2009

മുറിവേറ്റദിനം, രാത്രി, സന്ധ്യകള്‍



-ഡി. വിനയചന്ദ്രന്‍

ബന്‍ ഒക് റിയുടെ The Famished Road എന്ന നോവലില്‍ കുട്ടി കാട്ടിലേയ്ക്കു പോകുന്നു. അരൂപികളായആത്മാവുകള്‍ കുഞ്ഞുജന്തുക്കളുടെ രൂപമെടുത്ത് അവനുമായി ഇടപെടുന്നു. സോയിങ്കയുടെ 'കാടുകളുടെ ഒരുനൃത്തം' എന്ന നാടകത്തില്‍ ജീവിച്ചിരിക്കുന്നവര്‍ കാടിനകത്തുപോയി പരേതരുമായി ഇടപെടുന്ന. സമാഹാരത്തിലെ കവിതകളില്‍ സ്വകാര്യതയുടെ നിഗൂഢവിശുദ്ധികളും ദു:ഖവിളംബങ്ങളും വീടിന്‍റെയുംനാടിന്‍റെയും മാനുഷികലയങ്ങളിലാണ് തെളിയുന്നത്. കാഴ്ചകള്‍ക്കപ്പുറത്തെ കാണാപ്പുറങ്ങളിലേക്കുള്ളവഴികള്‍ ഓരൊന്നിലും സാദൃശ്യങ്ങള്‍ ഇല്ലാതെ സ്വതവെ ഉണ്ട്. ഒളിച്ചുകളിയില്‍ ഒളിഞ്ഞിരിക്കുന്നഇടത്തിലേക്ക്, നേരത്തിലേക്കും, വഴികള്‍ പിണയുന്നു. എവിടെ കുഴിച്ചാലാണ് കണ്ണുനീര്‍ കിട്ടുന്നത് എന്നസഹജാവബോധത്തിന്‍റെ വഴികള്‍. സങ്കടങ്ങളുടെ ദ്വാരങ്ങളിലേക്കാണ് അവലോകനവും അവബോധനവും . 'നേതി നേതി' എന്നു പറഞ്ഞ് ഇതാണു നേര് എന്നു പറയുന്ന യുക്തിമാര്‍ഗ്ഗമല്ല. ഇതാണ് ഇതാണ് എന്നനിനവുകള്‍ ഇതിനപ്പുറവുമുണ്ടെന്ന ദുരന്തത്തില്‍ എത്തുന്ന ചേദനയാണ്. സ്ക്വിറ്റേഴ്സ് എന്ന ചിത്രകാരന്‍റെ ഒരുകവിത ഇങ്ങിനെ അവസാമനിക്കുന്നു.

who will bear up our little coffin beneath the cool morning star.

' തുമ്പികളുടെ സെമിത്തേരി' സദാസ്പന്ദിതമാണ്. ഹൃദയങ്ങള്‍ കൊണ്ടുള്ള കൂദാശപ്പള്ളിപോലെഹൃദയങ്ങള്‍കൊണ്ടുള്ള സെമിത്തേരി . സ്മൃതിലയങ്ങള്‍ കാലഭേദങ്ങളില്‍, ഭേദനങ്ങളില്‍ മിടിച്ചുകൊണ്ടിരിക്കുന്നഘടികാരശാല. ഇവിടെ ഒരാളിന്‍റെ അന്തരാമൊഴിയുണ്ട്. അയാള്‍ ഒപ്പംനടക്കുവാനാരുമില്ലാത്തവനാണെങ്കിലും ഓര്‍ക്കാനും മറക്കാനും ഒരുപാടുള്ളവനാണ്. ഒരാളായിമാത്രംഉള്‍വലിഞ്ഞ്'അന്യന്‍' ആകുന്ന അവന്‍ അല്ല, ഒപ്പം പെങ്ങളും അപ്പനും അവളും അമ്മയും മഞ്ചാടിയുംപുളിങ്കുരുവും മീനും അയല്‍ക്കാരനും കടങ്കഥയും കസേരയും കളഞ്ഞുപോയ താക്കോലും അടങ്ങിയ വേണ്ടപ്പെട്ടകുടുംബസ്മൃതിയുണ്ട്. അയ്യപ്പപണിക്കരുടെ കുടുംബപുരാണത്തിലെ പ്രവാഹഗതിയോ ചെണ്ടമേളമോഅഭിജാതപരിവേഷമോ ഇല്ല, ഇടയ്ക്കയുടെ ദിവ്യവാദനത്തിന്‍റെ സ്പന്ദകണങ്ങള്‍ ആണ്. കണങ്ങള്‍സൂക്ഷ്മമാണ്. പെയ്തൊഴിഞ്ഞ ഭൂമിയുടെ ഉടലിലും അന്ത:കരണത്തിലും അബോധത്തിലും സ്പര്‍ശവുംസുഗന്ധവുമാകുന്ന നനവുകള്‍ ആണ്. ശോകസ്ഥായിയില്‍ അന്തര്‍വാഹിനിയായ മുഖാരിയാണ്. വ്യത്യസ്ഥമായ ചായ ക്കൂട്ടില്‍ ജലം മുറിച്ചും മണ്ണു പിളര്‍ന്നും വിലങ്ങനെ അന്തരീക്ഷത്തിലും എഴുന്നു നിരക്കുന്നഹൃദയങ്ങള്‍ ആണ്. നനവിന്‍റെ അനപ്പും നയനദൃശ്യങ്ങളുടെ വ്യതിരിക്തതകളും.



ദൈവങ്ങള്‍ നടക്കാനിറങ്ങുന്ന സമയത്ത് എന്ന പേരില്‍ ഒരു കവിത. തീപ്പെട്ടിപടം വച്ചുകളിക്കുന്ന പെങ്ങാള്‍ . പടത്തിനും പുളിങ്കുരുവിനും പകരം പടം വരയ്ക്കുന്ന കിളിയേയും കെട്ടുപോകാത്ത ഓര്‍മ്മയേയും നല്‍കുന്നു . മഞ്ചാടിച്ചോപ്പിനു പകരം അവരെത്തന്നെ. ''മടക്കം. ദൈവങ്ങള്‍ പെങ്ങളെ ഒപ്പം കൂട്ടി.'' സമയം എല്ലാകവിതയുടേയും പിന്നില്‍ , ഉള്ളില്‍ ഉണ്ട് . ഇങ്ങനെ ഞാന്‍ പറയുമ്പോള്‍ കവിത നഷ്ടമാകാം. കവിതഅങ്ങനെ തന്നെ അനുഭവിക്കുമ്പോള്‍ ഗിതാറിന്‍റെ വിലാപം എന്നും മറ്റും ഹൃദയത്തിന്‍റെ സൂക്ഷിപ്പുകാര്‍പറയുന്ന താനം ആകും. ഒരു തരം വേര്‍പാടിന്‍റേയും നഷ്ടത്തിന്‍റെയും വിലാപം ഭൂമി പിളര്‍ന്ന് ഉള്ളിലേക്കുപോവുകയോ ആകാശത്തിനു തീ പിടിക്കുകയോ ചെയ്യുന്ന ശോകഛായകള്‍ അല്ല. കിനിയുന്ന, പൊടിച്ചുവരുന്നതണുപ്പും ചൂടും പോലെ പടരുന്ന അടരുകള്‍‍ നിറഞ്ഞമരുന്ന വേദന. ഓരോ കവിതയ്ക്കും നല്‍കിയിരിക്കുന്നപേരുകള്‍ ഈകവിതകളുടെ പൊതുവായ ഉള്ളിരുപ്പുകളുടെ സൂചകങ്ങള്‍ ആണ്. കണ്ണീരിന്‍റെ ആഴങ്ങള്‍ , പകുതിയുടെ അര്‍ത്ഥം, മറഞ്ഞിരിപ്പത്, ശേഷം, ആരും പറഞ്ഞുതരാത്തത്- അങ്ങനെ . 'അവിടെ ആരോകുളിക്കുന്നു' എന്നതിനോട് ' പിറകില്‍ നിന്നുള്ള വിളികള്‍ ' അന്വയിക്കാം; നിഴല്‍പ്പുസ്ഥകം. മോര്‍ച്ചറി, എപ്പോഴും അധികം വരുന്നവ എന്നവയും.

അസാധാരണമായ പുതുമയും സുതാര്യമല്ലാത്തതിന്‍റെ പൊലിമയും ഉണ്ട്. 'മരണമൊഴി' എന്ന കവിത. 'അവളെപറ്റിയുള്ള വിചാരങ്ങള്‍ക്ക് തേന്‍മധുരമുണ്ടാവണം' എന്ന മുഗ്ദ്ധമായ ആരംഭത്തിന്, മൃത്യുവിനെ ' അവള്‍സ്വയമൊരു പൂവിറുക്കുകയായിരുന്നുവെന്ന്' വിളംബപ്പെടുത്തുന്ന അന്തര്‍സ്ഫോടന നിര്‍വ്വഹണം. വരഗതിയുംവര്‍ണ്ണഗതിയും കവിതയുടെ രചനാഗതിയാണ്.



കൗമാരവും താരുണ്യവും പൊരുന്നയിരിക്കുന്ന ഒരു പരിസരം കവിതകള്‍ക്കുണ്ട്. ആത്മഗതങ്ങള്‍അഭിമുഖങ്ങള്‍ ആകും. ഘനമാമനുകമ്പയില്‍ തടയുമ്പോഴും ചിന്തകള്‍ വനകല്ലോളിനിയാകില്ല. കളഞ്ഞുപോയവയെ ഓര്‍മ്മിപ്പിക്കുന്ന താക്കോലുകള്‍ ആണ് ഇവിടെ വാക്കുകള്‍ .

ഇടയ്ക്കിടെ ചിരിക്കുന്ന
ഒരു കഞ്ഞലയാവാം
മനസിനകത്തു കയറി
ഓര്‍മ്മകളെയെല്ലാം
കഴുകിയടുക്കുക
(അവിടെയാരോ കുളിക്കുന്നു)

'' ചുണ്ടക്കുരുക്കിലേക്കു/ വിരുന്നു തേടിപ്പോയ/ മത്സ്യങ്ങളിതുവരെ മടങ്ങി വന്നിട്ടില്ല / രാവിലെ സൂര്യനിലേക്കു/ പറന്നു പോയ / തുമ്പികളുമതെ/''. (ഇരുട്ടുന്നതിനു മുമ്പ്)

'' അപ്പന്‍ ആകാശം തൊട്ട്/ ഒരു മീന്‍കൊത്തിയെപ്പോലെ / വെള്ളപ്പരപ്പിലെത്തും/കുളത്തിലെ മീന്‍കൂട്ടം / അന്തിച്ചങ്ങനെ നില്‍പ്പാവും / അതിലൊന്ന് എന്‍റമ്മയാണ്'' (അപ്പന്‍ വാഴ്വ്)

‘’the sense is evoked by an internal mirage of the words’’എന്നു മല്ലര്‍മേ പറയുന്ന ഒരു കോള് കവിതകളില്‍ ഉണ്ട്.

പണ്ടത്തെ ഭാവഗീതങ്ങള്‍ക്കു പരിചിതമല്ലാത്ത ഒരു തരം പെരുമാറ്റ രീതിയിലൂടെ സംവൃതമായിസംവേദിതമാക്കുന്ന നവഭാവാത്മകതയുടെ നന്മകള്‍ കവിതകളില്‍ ഉണ്ട് . '' ഓര്മ്മകള്‍ക്കുമൊരു/ മേല്‍വിലാസം/ വേണ്ടിയിരുന്നെന്ന്/ അറിയുന്നത് നിന്‍റെ / പേരെഴുതിയ കാറ്റ്/ ജനാലക്കൊളുത്തുകളില്‍ഒന്നും മിണ്ടാതെ / നിന്നപ്പോഴാണ്'' (മടങ്ങി വരാത്തവ) സന്ദേഹക്രിയകളും സന്ദിഗ്ദ്ധരൂപകങ്ങളുംഹൃദയകൗതുകങ്ങളെ സാന്ദ്രമൗനങ്ങള്‍ ആക്കുന്നു.

'ഞാന്‍ വെള്ളത്തിലൊരു
മീനിനെ വരയ്ക്കാം.
നീയാമേഘത്തില്‍
നിന്നാ
പൂച്ചയെ ഓടിച്ചുകളാ'

എന്ന ശാന്തകിരണങ്ങള്‍ '' എപ്പോഴൊ കത്തി/ പെങ്ങള്‍ ഒരിക്കല്‍ / മീന്‍ വെട്ടാനെടുത്തു'' എന്നും '' ഉടലില്ലാത്ത ഒരെരുതിന്‍റെ/ ചൂടാറാത്തതല അപ്പനെ/ അങ്ങനെ നോക്കിയിരുന്നു'' എന്നും രൗദ്രദീപ്തികള്‍ആകും. ' ശാന്തായ രൗദ്രായ' എന്നാണല്ലോ. വാക്കില്‍ വാക്യത്തില്‍. അടുക്കധികാരത്തില്‍, ഉള്ളുരയില്‍മനുഷ്യാത്മാവിനെ മുഴുവനും ജാഗ്രത്താക്കുന്ന നിഭ്യത മാന്ത്രികോര്‍ജ്ജം ഉണ്ട്.

മനുഷ്യ കുടുംബത്തില്‍ ഈച്ചയും കുരങ്ങും വേട്ടാളനും ചിത്രശലഭവും തുന്നാരന്‍ പിടയും കുടയും മഞ്ചാടിയുംപുളിങ്കുരുവും ഉണ്ടെങ്കിലും എല്ലാറ്റിലും പ്രബലമാകുന്ന ഒരു ജലരാശിയും മീനം രാശിയും ഉണ്ട്. അപരാഹ്നത്തിലും മറ്റും സ്വച്ഛമെന്നു തോന്നുന്ന ആഴങ്ങളിലെ ചലനങ്ങള്‍.

ഒരു കുഞ്ഞുമിന്നാണ്
ആഴങ്ങളുടെ പ്രലോഭനത്തെക്കുറിച്ച്
ആവേശത്തോടെ
അത്ഭുതപ്പെടുന്നത്
കൊതിപ്പിക്കുന്ന
ഒഴുക്കിന്‍റെ
നഗ്നതയില്‍ തീര്‍ത്തും
വിവശനായിപ്പോവുന്നത്
(മീനുടുപ്പ്)

മത്സ്യാവതാരങ്ങള്‍ മറ്റുകവിതകളിലും വ്യതിരേകങ്ങള്‍ ആകുന്നുണ്ട്.

നമ്മുടെ തന്നെ ചിത്രമായ ജയപാലപ്പണിക്കരുടെ എണ്ണച്ചായാചിത്രങ്ങളെ കവിതകള്‍ ഓര്‍മ്മിപ്പിക്കും. നിഴലും വെളിച്ചവും ഗൂഢവും ഗഹനവുമായ ആയങ്ങളെ അടക്കം ചെയ്യൂന്നു. ചൈനീസ്, ജാപ്പനീസ് ജലച്ചായാരചനകളുടെ ലാളിത്യത്തില്‍ നിന്ന് വേറിട്ട ഘനമാനം ഉണ്ട്. ഒറ്റയ്ക്കു നടന്നു നീങ്ങുന്ന നിശ്ശബ്ദ് വെളിപാടുകളില്‍ഭൂമിയെ നമ്മില്‍ നിന്നകറ്റുന്ന കരുണയറ്റ ജന്മാന്തരങ്ങള്‍ ഉണ്ട്.

കവിതയിലെ അനുഭൂതിനിറവുകള്‍ അവയുടെ വാങ്മയങ്ങളും രൂപകങ്ങളും കൊണ്ടു പഴകിയതല്ലെന്ന അറിവുനല്‍കും. മന:പൂര്‍വ്വമായ ഒന്നും ഒരിടത്തുമില്ല. യുവകവിതയുടെ ആനുകാലികതയില്‍ പടര്‍ന്ന ഏകതാനതയുംവിരസതയും കവിതകളില്‍ ഇല്ല. തെളിവും തേങ്ങലും അഭിനൂതനമായിരിക്കുന്നു.

father, I am to all
of all on stars
and in the further most distance
and because I went
the void cast shadows over all

ഇത് പലര്‍ക്കും പ്രിയപ്പെട്ട ചിത്രകാരന്‍ പോള്‍ ക്ലീ എഴുതിയതാണ്. കവിയുടെ ആത്മകഥനങ്ങള്‍ക്കും ഇതു ചേരും.

സമാഹാരത്തിലെ കവിതകള്‍ മനുഷ്യഭാഗധേയത്തിലെ നൊമ്പരപ്പൂനലുകളാല്‍ ഉണര്‍ന്നിരിക്കുന്നു. കാതരതയുടെ കാന്തമണ്ഡലം ഹൃദയങ്ങളെ വിവശമാക്കു‘a thin veil , hardly a thread, separated form the final ‘quid’, …..the tearing of that veil, of that thread; an explosion’എന്നു കവി പക്ഷത്തുനിന്നു മൊന്താന്‍ ( ഇറ്റാലിയന്‍ കവി) പറയുന്നത് കവിതകളുടെ വായനാവിവക്ഷകളിലുള്ള അഭിവ്യക്തിയാവാം.


തുമ്പികളുടെ സെമിത്തേരി
(കവിതാ സമാഹാരം)
വി. ജയദേവ്
സൈന്‍ബുക്സ്
വില - 40
*****


(ശ്രീ. വി. ജയദേവിന്‍റെ തുമ്പികളുടെ സെമിത്തേരി എന്ന കവിതാ സമാഹരത്തിന് ശ്രീ. ഡി. വിനയചന്ദ്രന്‍ എഴുതിയ അവതാരിക)


ജയദേവിന്‍റെ തുമ്പികളുടെ സെമിത്തേരി എന്ന സമാഹാരത്തിലെ
കവിതയിലൂടെ ....


മടങ്ങിവരാത്തവ


മടക്കത്തപ്പാലിനുള്ള
കവറും സ്ററാമ്പും
വേണമായിരുന്നെന്ന്
അറിയുന്നത് നിന്‍റെ
പ്രണയ, മെന്നിലെക്ക്
ഒരിക്കലും തിരിച്ചു
വരാതിരുന്നപ്പോഴാണ്.

ഓര്‍മകള്‍ക്കുമൊരു
മേല്‍വിലാസം
വേണ്ടിയിരുന്നെന്ന്
അറിയുന്നത് നി‍ന്‍റെ
പേരെഴുതിയ കാറ്റ്
ജനാലക്കൊളുത്തുകളില്‍
ഒന്നും മിണ്ടാതെ
നിന്നപ്പോഴാണ്.

കൊള്ളിയാന്‍ വന്നുടഞ്ഞു
തൊടുന്ന നിലവിളി കൊണ്ടു
ഞാനെഴുതില്ലിതൊന്നും.
പകരം, ജീവിതം നനയുന്ന
പകലുകളെയെടുത്തു

മനസിനു വെളിയില്‍
ജീവിതം തോരാനിടും.
ഈര്‍പ്പത്തിനെവിടെ
വേരെന്നു വെറുതേ
വിസ്മയിച്ചിരിക്കും.
****

"മുറിവേറ്റദിനം, രാത്രി, സന്ധ്യകള്‍"

2 Comments - Show Original Post Collapse comments

Blogger ശ്രീകുമാര്‍ കരിയാട്‌ said...

ayyappappappanikkare veruthe onnu thondiya vinayachandrante nilapaaadu adhamam aaanu...

ayyappappanikkarudeyum kaaavaaalam panickerudeyum chaarum kashnavum koooottittthanneyaaanu d vinayachandran kaviyaaayathennu ellaavarkkumariyaam.

March 13, 2009 9:44 PM

Delete
Blogger ദിനേശന്‍ വരിക്കോളി said...

ഒരുപക്ഷെ അങ്ങിനെയാവാം അല്ലാതെയും .... ഒരുമണമെങ്കിലും എപ്പൊഴും സൂക്ഷിക്കുന്നുണ്ടോരോരുത്തരും അവരുടെ കൈവെള്ളയില്‍ ........

ചിലര്‍ തുറന്നുപറയുന്നു ... എന്നാലതിലേറെ പറയാതെയും ..
''അറിഞ്ഞതില്‍ പാതി
അറിയാതെ പോയി
പറഞ്ഞതില്‍ പാതി പതിരായും
പകുതി ഹൃത്തിനാല്‍ പൊറുക്കുന്പോള്‍ നിങ്ങള്‍
പകുതി ഹൃത്തിനാല്‍ ....''
അതെ പ്രിയകരിയാട് ....

March 21, 2009 7:45 AM